പത്തനംതിട്ട: പമ്പാനദിയുടെ വെള്ളപ്പൊക്ക കെടുതിയിൽ നിന്നും ചെറുകോൽപ്പുഴ മുതൽ ആറൻമുള വരെയുള്ള പ്രദേശവാസികളെ സംരക്ഷിക്കുന്ന കർമ പദ്ധതി ആവിഷ്കരിക്കാനുള്ള ജനകീയ കൂട്ടായ്മ ആറന്മുള എൻഎസ്എസ് ഗസ്റ്റ് ഹൗസിൽ നടന്നു.
പമ്പാ നദിയുടെ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള നവീകരണത്തിലൂടെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം സാധ്യമാകുമോയെന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് അബിൻ വർക്കി എംഎൽഎ പറഞ്ഞു. ശാസ്ത്രീയമായ പഠനത്തിലൂടെ ഡാമുകളിൽ നിന്നും നദികളിൽ നിന്നും ചെളിയും മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾക്ക് അടിയന്തരമായി തീരുമാനമെടുപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പഴകുളം മധു എംഎൽഎ പറഞ്ഞു.
ചെറുകോൽപ്പുഴ മുതൽ ആറന്മുള വരെ വെള്ളപ്പൊക്കക്കെടുതിയിൽപെട്ട നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പത്തനംതിട്ട താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ ആർ. ഹരിദാസ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി വി. ഷാബു, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അശോക് ഗോപിനാഥ്, കോഴഞ്ചേരി പഞ്ചായത്ത് മെംബർ വത്സലകുമാരി, യൂണിയൻ കമ്മിറ്റി മെംബർമാരായ രാജീവ് കുമാർ പുന്നക്കാട്, സത്യൻ നായർ കീഴുകര, പി. എൻ. രഘൂത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.